ഐസിസി ചാമ്ബ്യൻസ് ട്രോഫി; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഫെബ്രുവരി 23ന്
ദുബൈ:ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
23ന് ഇന്ത്യ – പാകിസ്ഥാന്‍ ഗ്ലാമര്‍ പോര്. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ഇന്ത്യ നേരിടും. ഫെബ്രുവരി 19ന് പാകിസ്ഥാന്‍ – ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കറാച്ചിയിലാണ് ഈ മത്സരം. ഫിക്‌സ്ച്ചര്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനലും ദുബായില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്മാരാണ് പാകിസ്ഥാന്‍. അവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലന്‍ഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്കയെ നേരിടും. അഫ്ഗാനിസ്ഥാന്‍ ആദ്യമായിട്ടാണ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. ഫെബ്രുവരി 21ന് കറാച്ചിയിലാണ് മത്സരം. ഗ്രൂപ്പിലെ മറ്റു ടീമുകളായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും 22ന് നേര്‍ക്കുനേര്‍ വരും. രണ്ടാം സെമിഫൈനലും ഫൈനലും ലാഹോറില്‍ നടക്കും. എന്നാല്‍ ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയാല്‍, ഫൈനല്‍ മാര്‍ച്ച് 9ന് ദുബായില്‍ നടക്കും. ഫൈനല്‍ ഉള്‍പ്പെടെ ഓരോ നോക്കൗട്ട് ഗെയിമുകള്‍ക്കും റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലും പാകിസ്ഥാനിലും നടക്കാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ഒരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഐസിസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2024 മുതല്‍ 2027 വരെ ഐസിസിക്ക് കീഴില്‍ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ക്കാണ് നിഷ്പക്ഷ വേദിയൊരുക്കുക. എന്നാല്‍ മത്സങ്ങള്‍ നടക്കുന്നത് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കീഴിയിലായിരിക്കും.
ചുരുക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു വേദിയില്‍ നടക്കും. പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടക്കും. 2026ല്‍ ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തും നടക്കും.
STORY HIGHLIGHTS:ICC Champions Trophy; India-Pakistan match on February 23