കണ്ണൂർ:മുൻ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ എംഎല്‍എ.
കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളില്‍ സർവത്ര ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു. ഡല്‍ഹിയിലെത്തിയ അൻവർ വാർത്താസമ്മേളനത്തിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുയർത്തിയത്.
കയറിൻ്റെ വ്യാസത്തില്‍ ദുരൂഹതയുണ്ട്. 0.5 സെൻറി മീറ്റർ ഡയ മീറ്റർ കയർ മൊബൈല്‍ ചാർജറിനേക്കാള്‍ ചെറിയ വ്യാസമുള്ളതാണ്. അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറില്‍ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണ്. മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയവാല്‍വിനും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകള്‍ നവീൻ ബാബുവിന് അറിയാമായിരുന്നു. ശശിയുടെ സമ്മർദ്ദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരും. ശശിയുടെ ഇടപെടല്‍ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോടാവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു.
മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവരുന്നിരുന്നു. ഒക്ടോബർ 15-ന് കണ്ണൂർ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാല്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങള്‍ പറയുന്നില്ല.
അതേസമയം, കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്ബില്‍വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചു.
കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്. നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപില് വച്ച് തേജോവധം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്. ഇതൊരു കൊലപാതകം ആണെന്ന് കുടുംബത്തിന്റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സംഘവും അറിയിച്ചിരിക്കുന്നത്.
കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങുനിന്നും കിട്ടിയിട്ടില്ല. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പെട്രോള്‍ പമ്ബിനായി അപേക്ഷ നല്കിയ പ്രശാന്തന്റെയും സിഡിആർ അടക്കമുള്ള പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പി പി യെ രക്ഷിച്ചെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണം അവാസ്തവുമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മില്‍ യാതൊരു പദവിയും നിലവില്‍ വഹിക്കുന്നില്ല. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
STORY HIGHLIGHTS:Anwar says there is mystery in Naveen Babu’s death