KeralaNews

ബാലഭാസ്കറിന്റെ ഡ്രൈവര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയില്‍

കൊച്ചി:കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും അപകടമരണം. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങള്‍ തുടക്കം മുതല്‍ ശക്തമായിരുന്നു.

അപകടത്തിന് തൊട്ടുമുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും ദുരൂഹതകള്‍ വർധിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ ബാലഭാസ്കറിന്റെ മരണം ഒരിക്കല്‍ കൂടെ ചർച്ചാ വിഷയമായിരിക്കുകയാണ്.

ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്നത്തെ അപകടമരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ശക്തമാകുന്നത്. ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ബാലഭാസ്കറിന്റെ സഹോദരി പ്രിയ വേണുഗോപാലും രംഗത്ത് വന്നിട്ടുണ്ട്. ‘എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കുമാത്രമല്ല നീങ്ങുന്നത് എന്നുതോന്നുന്നതും ഇതുപോലെ ഓരോ വാർത്തകള്‍ പൊങ്ങുന്നതുമാണല്ലോ ഞങ്ങള്‍ക്കുമാശ്വാസം’ പ്രിയ വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. പ്രിയയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പെരിന്തല്‍മണ്ണ സ്വർണ്ണക്കവർച്ച കേസ്. വാർത്തയില്‍ പത്ത് -പതിമൂന്ന് പേരുകളുണ്ട്. അതിനിടയില്‍ പരിചയമുള്ള പേരൊരെണ്ണം കണ്ടുപിടിക്കാൻ പ്രയാസമാണ്. അല്ലെങ്കിലും സാധാരണക്കാർ എത്രപേരാണ് വാർത്തകള്‍ മുഴുവനായും വായിക്കുന്നത്. ആത്മാർത്ഥമായ, മറ്റു ഗൂഢലക്ഷ്യങ്ങളില്ലാത്ത ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നേ ഇല്ലാതായി. മുഖ്യധാരാമാദ്ധ്യമങ്ങള്‍ക്കാണെങ്കില്‍ വാർത്ത കണ്ടുപിടിച്ചുകൊടുത്ത് പേര് ചൂണ്ടിക്കാണിച്ചുകൊടുത്താലും കണ്ണിനുപിടിക്കുകയുമില്ല.

പറഞ്ഞുവരുന്നത്, 2019 ല്‍ സ്വർണ്ണക്കള്ളക്കടത്തു കേസ് പുറത്തുവരുമ്ബോള്‍ ബാലുച്ചേട്ടന്റെ കേസില്‍ നട്ടംതിരിഞ്ഞുനിന്ന ഞങ്ങള്‍ക്കു മുന്നില്‍ അവിശ്വസനീയമാം വിധം നടന്ന ട്വിസ്റ്റുകള്‍ പോലെ ഇക്കഴിഞ്ഞ ദിവസം വന്നൊരു വാർത്തയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വർണ്ണക്കവർച്ചാക്കേസില്‍ പിടിയിലായ 13 പേരില്‍ ഒരു പരിചിത മുഖവും പേരും.. തൃശ്ശൂർ കുറിയേടത്തുമനയില്‍ അർജ്ജുൻ.

“പാവം നമ്ബൂരിപ്പയ്യൻ, അവനങ്ങനെ സ്വയം ആക്‌സിഡന്റ് ഉണ്ടാക്കി സ്വന്തം ജീവൻ റിസ്ക് ചെയ്യുമോ. അവന് ഒരല്‍പ്പം ഓർമ്മക്കുറവിന്റെ പ്രശ്നമുണ്ട്. പഴയ കേസുകളൊന്നും അത്ര പ്രശ്നമല്ല. എടിഎം കവർച്ചയും വീടാക്രമിച്ച കേസുമൊക്കെ ഉള്ളതാ, പക്ഷെ അവനൊരു നിഷ്കളങ്കനാ കേട്ടോ”

ഈ വിശേഷണങ്ങളൊക്കെ ബാലുച്ചേട്ടന്റെ അന്നത്തെ യാത്രയില്‍ ഡ്രൈവർ ആയി കൂടെക്കൂടിയ അർജ്ജുന് അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ സ്നേഹവാത്സല്യങ്ങളോടെ നല്‍കിയതാണ്. ആ മനുഷ്യൻ മരിച്ചിട്ട് വർഷം 2 കഴിഞ്ഞിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊന്നും ഉറപ്പില്ല!

ലോക്കല്‍ പോലീസ്, ക്രൈം ബ്രാഞ്ച് പിന്നെ വന്ന സിബിഐ ഒക്കെ അവസാനം നിവൃത്തികെട്ട് അവൻ തന്നെയാണ് വണ്ടി ഓടിച്ചത് എന്ന് തെളിയിച്ചു വച്ചെങ്കിലും ‘എന്തിന് അർജുൻ മൊഴിമാറ്റി?’, ‘ബാലുച്ചേട്ടൻ ആണ് വണ്ടിയോടിച്ചത് എന്നെന്തിന് കള്ളം പറഞ്ഞു?’, ‘വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ ബാലഭാസ്കറിന്റെ ഡ്രൈവർ എന്തിനാക്കി?’, പേരിനൊന്ന് അറസ്റ്റ് ചെയ്ത് ഇത്യാദി ചോദ്യങ്ങള്‍ പോലും ചോദിക്കാതെ പൊന്നുപോലെ സംരക്ഷിച്ചു വരികയായിരുന്നു ഇത്രയും കാലം.

ഇതേ അർജ്ജുൻ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും കക്ഷികളാക്കി കൊടുത്ത ഒരു കേസുണ്ട് – ‘അയാളുടെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് അമ്മയും അച്ഛനും അയാള്‍ക്ക് ഒന്നരക്കോടി നഷ്ടപരിഹാരം കൊടുക്കണമത്രേ.

ഓർക്കണം, ബാലഭാസ്കറിന് ബന്ധുക്കളില്ല, ബാലഭാസ്കറിന്റെ ഓർമ്മകളില്‍പ്പോലും അച്ഛനോ അമ്മയ്‌ക്കോ ബന്ധുക്കള്‍ക്കോ അവകാശമില്ല എന്നൊക്കെ കഥകളുണ്ടാക്കി കുറേപേർ അയാളെ സംരക്ഷിച്ചിരുന്നതിന്റെയും കൂടി ബലത്തിലാണ് ഇങ്ങനെയൊരു ഉമ്മാക്കി കാട്ടി ഞങ്ങളുടെ കുടുംബത്തെ പേടിപ്പിക്കാൻ ഈ സംഘം ശ്രമിച്ചത്. അത്താഴം മുടങ്ങാൻ ചേര കടിച്ചാലും മതിയല്ലോ എന്നപോലെ പാവം പേരപ്പനും പേരമ്മയും ആ കേസ് തൃശൂർ MACT ഇല്‍ നടത്തിക്കുകയാണ്. ക്രൈം ബ്രാഞ്ചും സിബിഐ യും അയാള്‍ കാരണമാണ് അപകടം നടന്നത് എന്നൊക്കെ കണ്ടെത്തിയിട്ടും ഈ കേസ് മുറപോലെ മാറ്റി മാറ്റി വച്ച്‌ 2025 ലെ ഒരു തീയതി വരെ എത്തിച്ചിട്ടുണ്ട് എന്ന വൈചിത്ര്യവും ഇതില്‍ കൂട്ടി വായിക്കണം. നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസവും മതിപ്പുമൊക്കെ ഏറും.

കൃത്യമായ തുടരന്വേഷണത്തിന് വിധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്ന് 3മാസം നല്‍കി, സിബിഐ അഭ്യർത്ഥന പ്രകാരം വീണ്ടും 3 മാസം സമയം നല്‍കി പിന്നെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോള്‍ 7 മാസം. പ്രസവകാലം സിബിഐ ക്ക് എത്രയാണോ ആവോ.

വാർത്ത ഓണ്‍ലൈനൊക്കെ വരും. വന്നപോലെ പോകും.. അതാണല്ലോ അവർക്ക് ഒരാശ്വാസം.എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കുമാത്രമല്ല നീങ്ങുന്നത് എന്നുതോന്നുന്നതും ഇതുപോലെ ഓരോ വാർത്തകള്‍ പൊങ്ങുന്നതുമാണല്ലോ ഞങ്ങള്‍ക്കുമാശ്വാസം. ചില സത്യങ്ങള്‍ അങ്ങനെയാണ്.. ചിലരുടെയും.

STORY HIGHLIGHTS:Balabhaskar’s driver arrested in gold theft case

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker