ഗുജറാത്തിലെ പത്താൻ ജില്ലയില്‍ 18 കാരനായ മെഡിക്കല്‍ വിദ്യാർത്ഥി മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്ദ ഗ്രാമത്തില്‍ നിന്നുള്ള അനില്‍ നട്വർഭായ് മെഥാനിയയാണ് ഹോസ്റ്റലില്‍വച്ച് സീനിയേഴ്സ് വിദ്യാർത്ഥികളുടെ റാഗിങ്ങിനിടെ മരിച്ചത്.
പത്താനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. അനിലിനെ മൂന്ന് മണിക്കൂർ നിർത്തിയതായി സഹപാഠികള്‍ ആരോപിച്ചു.
ശനിയാഴ്ച രാത്രിയാണ് പത്തോളം വിദ്യാർത്ഥികളെ റാഗ് ചെയ്തതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനിലിന്റെ സഹപാഠി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”രാത്രി 9 മണിക്ക് ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് എത്താൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഞങ്ങളെ അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം നിന്ന ശേഷമാണ് ഞങ്ങളോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടത്,” ഒന്നാം വർഷ വിദ്യാർത്ഥി പറഞ്ഞു.
അനില്‍ ബോധരഹിതനായി വീണുവെന്ന് അറിയിച്ചതിനെ തുടർന്നാണ് കോളേജില്‍ എത്തിയതെന്ന് കസിൻ ധർമ്മേന്ദ്ര മെഥാനിയ പറഞ്ഞു. ”കോളേജില്‍ എത്തിയപ്പോള്‍ അനില്‍ മരിച്ചെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും അറിയിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികള്‍ റാഗ് ചെയ്തതായും അനിലിനെ 2-3 മണിക്കൂർ നിർത്തിയതായും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അനിലിന്റെ മരണത്തില്‍ ശരിയായ അന്വേഷണം വേണം” അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ കോളേജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വിദ്യാർത്ഥികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോളേജ് ഡീൻ ഡോ.ഹാർദിക് ഷാ പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കല്‍ കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പത്താൻ എസ്പി ഡോ.രവീന്ദ്ര പട്ടേല്‍ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS:Medical student dies during ragging