കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിന്യായം. കേസിൽ ഒളിവിലായിരുന്നു ദിവ്യ.
അഴിമതിക്കെതിരായ സന്ദേശം നൽകാൻ ശ്രമിച്ചെന്നായിരുന്നു ദിവ്യയുടെ പ്രധാനവാദം. ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീൻ ബാബുവിൻ്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിരുന്നു. വിധിക്കായി ഇതുവരെ കാത്തിരുന്ന അന്വേഷണ സംഘത്തിൻ്റെ തുടർ നീക്കങ്ങളും ശ്രദ്ധേയമാണ്.
നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്.
STORY HIGHLIGHTS:No anticipatory bail for PP Divya in ADM Naveen Babu’s suicide case