മുബൈ:കഴിഞ്ഞദിവസം അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
നവഭാരതശില്പികളിലൊരാളായ രത്തൻ ടാറ്റയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുകളാണ് പലരും പങ്കുവെച്ചത്. എല്ലാ മേഖലയിലുമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
എന്നാല്‍, പേടിഎം സി.ഇ.ഒ. വിജയ് ശേഖർ ശർമയുടെ അനുശോചനക്കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമർശനം ഏറ്റുവാങ്ങുകയാണ്. എക്സില്‍ പങ്കുവെച്ച ചെറുകുറിപ്പിലെ അവസാന ഭാഗമാണ് വിജയ് ശേഖർ ശർമയ്ക്ക് വിനയായത്. വിമർശനം കടുത്തതോടെ അദ്ദേഹം കുറിപ്പ് ഡിലീറ്റ് ചെയ്തു.
‘ഓരോ തലമുറയ്ക്കും പ്രചോദനമാകുന്ന ഇതിഹാസം. ഇന്ത്യയിലെ ഏറ്റവും വിനീതനായ വ്യവസായിയുമായി ഇടപഴകാനുള്ള അവസരം അടുത്ത തലമുറയിലെ സംരംഭകർക്ക് നഷ്ടമാവും’ എന്നായിരുന്നു വിജയ് ശേഖർ ശർമ കുറിച്ചത്. ഇതിന്റെ തുടർച്ചയായി, ‘സല്യൂട്ട് സർ, ഓക്കെ, ടാറ്റ ബൈ ബൈ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടുവിലത്തെ ഓക്കെ ‘ടാറ്റ ബൈ ബൈ’ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. വാക്കുകളിലെ ഔചിത്യമില്ലായ്മയും അനാദരവും ബഹുമാനക്കുറവും ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്തെത്തി. പിന്നാലെ വിജയ് ശേഖർ ശർമ കുറിപ്പ് ഡിലീറ്റുചെയ്ത് തടിതപ്പി.
STORY HIGHLIGHTS:Condolences to Ratan Tata, PayTM CEO sinks after criticism