IndiaNews

മംഗളൂരു അരുംകൊലയുടെ ചുരുളഴിച്ചത് രണ്ടു സെക്കൻഡ് സിസിടിവി ദൃശ്യം

കർണാടക:കർണാടകയിലെ മംഗളൂരു നഗരത്തില്‍ നടന്ന അരുംകൊലയിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് വെറും രണ്ടു സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണത്തിന്റെ സിസിടിവി ദൃശ്യമാണ്.

2019ലാണ് നഗരത്തെ നടുക്കിയ കേസിൻ്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. 2019 മേയ് 12നാണ് ഒരു സ്ത്രീയുടെ തല ബാഗില്‍നിന്നും പോലീസ് കണ്ടെത്തുന്നത്. ദേശീയപാതയ്ക്കു സമീപം പഴക്കട നടത്തുന്ന ആളാണ് ബാഗില്‍ യുവതിയുടെ തല ആദ്യം കണ്ടത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ തലയില്‍ ഹെല്‍മറ്റ് മൂടിയ നിലയിലായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നായി സ്ത്രീയുടെ മറ്റു ശരീരഭാഗങ്ങള്‍ ഓരോന്നായി പോലീസിന് ലഭിച്ചു.

കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന വിവരം മാത്രമേ തുടക്കത്തില്‍ പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. കണ്ടെത്തിയ ശരീര ഭാഗങ്ങളെല്ലാം ശേഖരിച്ച്‌ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏതെങ്കിലും സ്ത്രീയെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നാണ് ആദ്യം പോലീസ് പരിശോധിച്ചത്. സമയത്താണ് തന്റെ സഹോദരി ശ്രീമതി ഷെട്ടിയെ (39) കാണാനില്ലെന്ന് പറഞ്ഞ് കിഷോർ ഷെട്ടി മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷനെ സമീപിച്ചത്. അയാള്‍ സഹോദരിയുടെ ഫോട്ടോ പോലീസിന് കൈമാറി. മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരു സ്വദേശിയായ 39കാരി ശ്രീമതി ഷെട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഇതോടെ സ്ഥിരീകരിച്ചു. അപ്പോഴും കൊലയാളിയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല.

ഒരു ഇലക്‌ട്രോണിക്സ് കട നടത്തിവരികയായിരുന്ന ശ്രീമതി പലിശയ്ക്ക് പണം കടം കൊടുക്കുമായിരുന്നു. ശ്രീമതി വിവാഹിതയായിരുന്നു എങ്കിലും ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. നിയമപരമായി വേർപിരിയാതെ അവർ സുധീപ് എന്ന മറ്റൊരാളോടൊപ്പം താമസം തുടങ്ങിയിരുന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ തർക്കങ്ങള്‍ കാരണം അയാളുമായും പിരിഞ്ഞു.

“ശ്രീമതിയുടെ ഭർത്താവിനെയും സുദീപിനെയും ആദ്യം സംശയിച്ചു. ഭർത്താവിനെ ചോദ്യം ചെയ്തു. അയാള്‍ അവരുമായി ഏറെ നാളായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞു. മോഷണക്കേസില്‍ മംഗളൂരു ജയിലിലായിരുന്നു സുദീപ്. ചോദ്യം ചെയ്യലില്‍ ശ്രീമതിയുമായി ബന്ധം അവസാനിപ്പിച്ചിട്ട് ഏറെ നാളായെന്നും പറഞ്ഞു,” കേസ് അന്വേഷിച്ച പോലീസ് ഇൻസ്പെക്ടർ എം.മഹേഷ് ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

അന്വേഷണത്തില്‍ ഇവർ രണ്ടുപേർക്കും കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസിന് മനസിലായി. പിന്നീടാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. നൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവ ദിവസം രാവിലെ 9.09ഓടെ ശ്രീമതി തന്റെ സ്കൂട്ടറില്‍ സൂട്ടർപേട്ടിലേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. ഇതിനിടയില്‍ വാഹനം നിർത്തി ഒരാളോട് എന്തോ സംസാരിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. രണ്ട് സെക്കൻഡില്‍ താഴെ മാത്രമാണ് ഇരുവരും സംസാരിച്ചത്. അതിനുശേഷം രണ്ടുപേരും അവിടെനിന്നും പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

ശ്രീമതിയുമായി സംസാരിച്ച വ്യക്തി ജോനാസ് സാംസണ്‍ എന്ന 35കാരനായ കബാബ് വില്‍പ്പനക്കാരനാണ് പോലീസ് തിരിച്ചറിഞ്ഞു. ശ്രീമതിയില്‍നിന്നും കടം വാങ്ങിയവരുടെ പട്ടിക പരിശോധിച്ചപ്പോള്‍ ‘ജോനേഷ്’ എന്ന പേര് കണ്ടെത്തി. 2019 മെയ് 14ന് പോലീസ് ഇയാളുടെ വീട്ടില്‍ എത്തിയെങ്കിലും അവരെ കണ്ട ഉടൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ മാറ്റി അകത്ത് കടന്ന പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം സാംസണ്‍ കുറ്റം സമ്മതിച്ചു.

മംഗളൂരു ബീച്ചിന് സമീപം കബാബ് കട നടത്തിയിരുന്നയാളാണ് സാംസണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീമതിയില്‍ നിന്ന് 33,500 രൂപ കടം വാങ്ങുകയും 16,000 രൂപ നല്‍കുകയും ചെയ്തിരുന്നു. പലപ്പോഴും പൊതുവിടങ്ങളില്‍ വച്ച്‌ ബാക്കി പണം ആവശ്യപ്പെട്ട് ശ്രീമതി ഇയാളോട് മയമില്ലാതെ പെരുമാറി. ഒരിക്കല്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച്‌ മോശമായി പെരുമാറിയതായി ചോദ്യം ചെയ്യലില്‍ സാംസണ്‍ പറഞ്ഞു. രണ്ട് സെക്കൻഡ് ഇരുവരും സംസാരിച്ചത് എന്താണെന്നും ചോദ്യം ചെയ്യലില്‍ സാംസണ്‍ വെളിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശ്രീമതി ബാക്കി പണം ചോദിക്കാനായി വീട്ടിലേക്ക് വരുമ്ബോഴാണ് സാംസണെ കാണുന്നത്. രണ്ടു മിനിറ്റിനുള്ളില്‍ വീട്ടില്‍ അയാള്‍ എത്തുമെന്ന് ശ്രീമതിയോട് പറഞ്ഞു. തുടർന്ന് വീട്ടില്‍ വച്ച്‌ ഭാര്യ വിക്ടോറിയ മത്യാസിന്റെ മുന്നില്‍ ശ്രീമതി സാംസണോട് മോശമായി പെരുമാറി. രോഷാകുലനായ സാംസണ്‍ ശ്രീമതിയെ മരപ്പലകകൊണ്ട് രണ്ടുതവണ അടിച്ചു. അതിനുശേഷം സാംസണും വിക്ടോറിയയും ചേർന്ന് കുളിമുറിയില്‍ വച്ച്‌ ശ്രീമതിയുടെ ശരീരം പല കഷണങ്ങളാക്കി മുറിച്ച്‌ ശരീരഭാഗങ്ങള്‍ നഗരത്തിലുടനീളം കൊണ്ടിട്ടു. പിന്നീട്, സാംസണ്‍ ശ്രീമതിയുടെ മൊബൈല്‍ ഫോണ്‍ ഇരുചക്ര വാഹനത്തിനുള്ളില്‍ സൂക്ഷിക്കുകയും പോലീസ് സ്റ്റേഷന് സമീപം പാർക്ക് ചെയ്യുകയും ചെയ്തു. വിക്ടോറിയ വീട് വൃത്തിയാക്കി സഹോദരിയുടെ വീട്ടിലേക്ക് പോയെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സാംസണിനെയും വിക്ടോറിയയെയും പോലീസ് അറസ്റ്റ് ചെയ്തു. 48 സാക്ഷി മൊഴികളടങ്ങിയ കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമർപ്പിച്ചത്. ഈ വർഷം സെപ്റ്റംബർ 13ന്, ദക്ഷിണ കന്നഡയിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ദമ്ബതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു.

STORY HIGHLIGHTS:Two seconds of CCTV footage unraveled the mystery of Mangaluru’s Arumkola

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker