വയനാട്:വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെൻസണ്‍ വെൻ്റിലേറ്ററിലായിരുന്നു. അല്‍പ്പനേരം മുമ്ബാണ് ശ്രുതിയെ തനിച്ചാക്കി ജെൻസണ്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസണ്‍. അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം വാനില്‍ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സില്‍ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.
ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുന്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.
STORY HIGHLIGHTS:Jenson says goodbye leaving Shruti alone