Life StyleNews

ഇന്ന് ലോക ആത്മഹത്യാ വിരുദ്ധദിനം





സെപ്റ്റംബർ 10 ഇന്ന് ലോക ആത്മഹത്യാ വിരുദ്ധദിനം



ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അറിയാത്തവരായി ആരുമില്ല. എന്നിരുന്നാലും ലോകം മുഴുവനും ആത്മഹത്യ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.

സമീപകാലത്തായി ഏറ്റവും കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കിയ ആത്മത്യയായിരുന്നു ബ്ലൂ – വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം വഴിയുള്ള ആത്മഹത്യകള്‍. ഇത് സൂചിപ്പിക്കുന്നത്, ആത്മഹത്യ ചെയ്യാന്‍ ഏറ്റവും നിസ്സാര സംഭവങ്ങള്‍ പോലും മതിയെന്നുള്ളതാണ്.

പ്രതിസന്ധികളിലും നിരാശയിലും പെട്ട് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന സഹജീവികളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ജീവിതത്തിലേക്ക് അവരെ തിരിച്ചുനടത്തുകയും ചെയ്യാന്‍ ഒരു പരിഷ്കൃത സമൂഹമെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.

ലോകത്താകെ പല കാരണങ്ങള്‍ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യരുടെ എണ്ണം പ്രതിവര്‍ഷം 8 ലക്ഷത്തോളമാണ്. അതില്‍ തന്നെ 17 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകള്‍ പറയുന്നു. ദേശീയതലത്തില്‍ ആത്മഹത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനായിരുന്നുവെന്നത് നമ്മെ ആശങ്കപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ പ്രവണത ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം കേരളം എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബ ആത്മഹത്യയുടെ കണക്കിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പക്ഷെ ഇതുകൊണ്ടായില്ല, ആരും ആത്മഹത്യ ചെയ്യാത്ത ഒരു നാടായി മാറേണ്ടതുണ്ട്. അതിനുള്ള ഉത്തരവാദിത്വം നമ്മുടെ സര്‍ക്കാരുകള്‍ക്കുമുണ്ട്.

സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും തെറ്റായ നയങ്ങളും തീരുമാനങ്ങളും പലപ്പോഴും ജനങ്ങളെ ആത്മത്യയിലേക്ക് നയിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം മൂന്നുലക്ഷത്തിലധികം വരുമെന്നത് വളരെ ഗൗരവമുള്ള വിഷയമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ കാര്‍ഷിക വൃത്തിയെയും കര്‍ഷകരെയും സംരക്ഷിക്കാനും വേണ്ട ഉചിതമായ നയങ്ങളും നിയമങ്ങളും ഉണ്ടാകുന്നില്ല എന്നതും നാം നോക്കി കാണേണ്ടതുണ്ട്. സര്‍ക്കാരുകള്‍ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്നത് ആത്മത്യ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിയ്ക്കാന്‍ സഹായകമാകും.

‘Take a minute, change a life’ എന്ന ലോക ആത്മഹത്യാ വിരുദ്ധ ദിന മുദ്രാവാക്യത്തിനു മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട്. ആത്മഹത്യക്ക് തൊട്ട് മുന്‍പുള്ള ഒരു നിമിഷത്തെ മറികടക്കാന്‍ സാധിച്ചാല്‍ പലര്‍ക്കും ആത്മഹത്യകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

പക്ഷേ, ഈ ഒരു നിമിഷത്തെ സൃഷ്ടിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്. ആ ഒരു നിമിഷം സൃഷ്ടിക്കാന്‍ നമുക്ക് നല്ല കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആത്മവിശ്വാസവും ധൈര്യവും പോസിറ്റീവ് സമീപനവും ഉണ്ടാകേണ്ടതുണ്ട്. അടഞ്ഞ മുറികളില്‍ നിന്നും പുറത്തിറങ്ങി വിശാലമായ ലോകം കാണേണ്ടതുണ്ട്, അറിയേണ്ടതുണ്ട്.

എല്ലാത്തിനുമുപരി നമുക്ക് ചുറ്റുമുള്ളവരെ കാണാനും കേള്‍ക്കാനും ശ്രമിക്കേണ്ടതുണ്ട്. വന്‍ തോല്‍വികളില്‍ നിന്നും കരകയറി വിജയത്തെ എത്തിപ്പിടിച്ചവരെ കുറിച്ച്‌ അറിയേണ്ടതുണ്ട്. സ്വന്തം ജീവിതത്തില്‍ ഇവയ്ക്ക് വേണ്ടി ഒരു മിനുട്ട് മാറ്റി വെക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ ജീവിതത്തെ അറിയാനും പ്രശ്നങ്ങള്‍ കേള്‍ക്കാനും നമുക്ക് ഒരു മിനുട്ട് കൂടി നല്‍കാം, അതൊരുപക്ഷേ ഒരു ജീവിതം തിരിച്ചു നല്‍കലാകും. ഈ ആത്മഹത്യാ വിരുദ്ധ ദിനം അതിനു വേണ്ടിയുള്ളതാകട്ടെ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.‼️

📞ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

STORY HIGHLIGHTS:Today is World Anti-Suicide Day

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker