Sports

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ലൂയിസ് സുവാരസ്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്.

വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ പറഞ്ഞു. യുറുഗ്വേക്കായി ഏറ്റവും കൂടുതല്‍ ഗോള്‍(69) നേടിയ താരമെന്ന റെക്കോര്‍ഡോടെയാണ് സുവാരസ് ബൂട്ടഴിക്കുന്നത്.

ഞാൻ വിരമിക്കലിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച്‌ കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം. 2007-ല്‍ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്ബോഴുള്ള അതേ ആവേശത്തിലാണ് ഞാൻ അവസാനമത്സരവും കളിക്കാനിറങ്ങുന്നത്. ആ 19 വയസ്സുള്ള കുട്ടി ഇപ്പോള്‍ ഒരു മുതിര്‍ന്ന കളിക്കാരനാണ്, നിങ്ങള്‍ അതിനെ എങ്ങനെ വിളിച്ചാലും കുഴപ്പമില്ല- ദേശീയ ടീമിനായി ജിവിതം തന്നെ ഉഴിഞ്ഞുവെച്ച ദേശീയ ടീമിനൊപ്പം ചരിത്രമെഴുതിയ കളിക്കാരനെന്ന നിലയില്‍ ഓര്‍മിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും സുവാരസ് പറഞ്ഞു.

തന്‍റെ മക്കള്‍ക്ക് മുമ്ബില്‍ എന്തെങ്കിലും വലിയ നേട്ടത്തോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എടുത്തുപറയാന്‍ വലിയ കിരീടമില്ലെങ്കിലും വിജയങ്ങളോടെ വിടവാങ്ങാനാവുന്നത് സന്തോഷകരമാണെന്നും സുവാരസ് പറഞ്ഞു. 2007ല്‍ യുറഗ്വേ കുപ്പായത്തില്‍ അരങ്ങേറിയ സുവാരസ് 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 17 വര്‍ഷം നീണ്ട രാജ്യാന്തര കരിയിറില്‍ 142 മത്സരങ്ങളില്‍ യുറുഗ്വേ കുപ്പായമണിഞ്ഞ സുവാരസ് 69 ഗോളുകള്‍ നേടി ടീമിന്‍റെ എക്കാലത്തെയും വലിയ ടോപ് സ്കോററുമാണ്.

ജൂലൈയിലെ കോപ അമേരിക്ക ടൂര്‍ണമെന്‍റില്‍ കാനഡക്കെതിരെ സുവാരസ് നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് യുറുഗ്വേ മൂന്നാം സ്ഥാനം നേടിയത്. വെള്ളിയാഴ്ച യുറുഗ്വേയിലെ സെന്‍റിനേറിയോ സ്റ്റേഡിയത്തിലാണ് യുറുഗ്വേ-പരാഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ വിട്ട സുവാസ് ഇപ്പോള്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ലിയോണല്‍ മെസിക്കൊപ്പം ഇന്‍റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബ് തലത്തില്‍ ഇന്‍റര്‍ മയാമിയായിരിക്കും തന്‍റെ അവസാന ക്ലബ്ബെന്ന് സുവാരസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS:Luis Suarez has announced his retirement from international football

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker