Entertainment

സിനിമയിലേക്ക് മാത്രം ഫോക്കസ് ചെയ്ത് തകർക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് മോഹൻലാൽ

തിരുവനന്തപുരം- വിവാദങ്ങളിൽനിന്ന്
ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയാണെന്നും നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻ ലാൽ. മറ്റു മേഖലകളിലെ പോലെ സിനിമയിലും അപചയം സംഭവിച്ചിട്ടുണ്ട്. നിലവിലുളള വിവാദത്തിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. എന്തിനും ഏതിനും അമ്മയെ ആണ് കുറ്റപ്പെടുത്തുന്നത്. എല്ലാവർക്കും അമ്മയല്ല ഉത്തരം പറയേണ്ടത്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് എന്റെയും കൂടെയുള്ളവരുടെയും നേരെയാണ്. അതോടെയാണ് അമ്മയുടെ ഭാരവാഹിത്വത്തിൽനിന്ന് മാറിനിൽക്കാമെന്ന് തീരുമാനിച്ചത്. ഏറെ കൂടിയാലോചനക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഒന്നിൽനിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാവരുടെയും അനുമതിയോടെയാണ് ഞാൻ സ്ഥാനം ഒഴിഞ്ഞത്.

മലയാള സിനിമ വ്യവസായമേഖല തകർന്നുപോകുന്ന കാഴ്ചയാണുള്ളത്. ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ദയവു ചെയ്ത് ഞങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സിനിമയെ തകർക്കരുത്. കേരളത്തിൽ പോലീസും സർക്കാറുമുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടത്.

പതിനായിരകണക്കിന് പേർ ജോലി ചെയ്യുന്ന മേഖലയാണിത്. ഇതിനെ തകർക്കരുതെന്നും മോഹൻ ലാൽ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ നിരവധി സാധ്യതകളാണ് വരുന്നത്. എല്ലാവരും ഒരുമിച്ചുനിന്ന് സിനിമയെ രക്ഷിക്കണം. തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. ഹേമ കമ്മിറ്റിയിൽ രണ്ടു തവണ ഞാൻ മൊഴി നൽകിയിട്ടുണ്ട്.

എല്ലാ മേഖലയിലും ഇതുപോലെയുള്ള കമ്മിറ്റികൾ വരണം എന്നാണ് ആഗ്രഹമെന്നും മോഹൻ ലാൽ പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണം.

പോലീസാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാനാണ് എത്തിയതെന്നും എന്നാൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമില്ലെന്നും മോഹൻ ലാൽ പറഞ്ഞു. സിനിമയിൽ പരാതിയുള്ളവർ പോലീസിനെ സമീപിക്കണം. കുറ്റങ്ങളോ തെറ്റുകളോ ഉണ്ടാകാം. അതെല്ലാം പരിഹരിക്കുകയാണ് വേണ്ടത്. ഞങ്ങളെ നിങ്ങൾക്ക് അറിയാമല്ലോ, ഒരുദിവസം കൊണ്ട് ഞങ്ങളെങ്ങിനെയാണ് നിങ്ങൾക്ക് അന്യൻമാരായതെന്നും ലാൽ ചോദിച്ചു.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കും. അതിന് മാധ്യമങ്ങളും കൂടെ നിൽക്കണം. മലയാള സിനിമയിലെ ശുദ്ധീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കും. സിനിമയിൽ അഭിനയിക്കുന്നതിന് ആർക്കും വിലക്കില്ല. ഞാൻ പവർ ഗ്രൂപ്പിലെ ആളല്ലെന്നും മോഹൻ ലാൽ പറഞ്ഞു. ഹേമ കമ്മിറ്റി സംബന്ധിച്ച് നിങ്ങൾക്കുള്ള അതേ അറിവ് മാത്രമേ എനിക്കുമുള്ളൂ.

STORY HIGHLIGHTS:Don’t focus only on the film and break it, Mohanlal says that your questions are not answered

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker