ഖാർത്തൂം: മഴയിൽ ജലനിരപ്പ് ഉയർന്ന് കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ മരിക്കുകയും 200-ലേറെ പേരെ കാണാതാവുകയും ചെയ്തു.
പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ച ദുരന്തത്തിനിടെ 20 ഗ്രാമങ്ങൾ ഒലിച്ചുപോവുകയും അമ്പതോളം ഗ്രാമങ്ങൾക്ക് നാശനഷ്ടമുണ്ടായതായുമാണ് റിപോർട്ട്. 12,420 വീടുകൾ പൂർണമായും 11,472 വീടുകൾ ഭാഗികമായും മഴക്കെടുതിയിൽ തകർന്നതായി സർക്കാർ അറിയിച്ചു.
കിഴക്കൻ സുഡാനിൽ ചെങ്കടലിന് സമീപം പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കു മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. കനത്തമഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുകയും തകരുകയുമായിരുന്നുവെന്നാണ് റിപോർട്ടുകൾ.
കനത്ത മഴയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാവുകയും അതിനിടെ, അണക്കെട്ട് തകരുക കൂടി ചെയ്തത് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയിരിക്കുകയാണ്. ആളപായവും നാശനഷ്‌ടവുമെല്ലാം ഇതിലും കൂടുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒഴുകി വന്ന ചെളി സമീപ ഗ്രാമങ്ങളെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. കൂടാതെ, പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് തേൾ, പാമ്പ് കടിയേൽക്കാനുള്ള സാധ്യതയുള്ളതായും റിപോർട്ടുകളിലുണ്ട്.
STORY HIGHLIGHTS:132 dead and more than 200 missing after dam collapse in Sudan