
ഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

വ്യാജവിലാസങ്ങളില്‍ വൻതോതില്‍ വോട്ടർമാർ, ഒരേവിലാസത്തില്‍ നിരവധി വോട്ടർമാർ. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദർശിപ്പിച്ചു
ബെംഗളൂരു സെൻട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ആരോപിച്ചു. ബാംഗ്ലൂർ സെൻട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാർഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് സർവത്ര തിരിമറിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണെന്നും രാഹുല്‍ ആരോപിച്ചു.

വോട്ടർമാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. എഴുപതും എണ്‍പതും വയസ്സുള്ളവർ കന്നിവോട്ടർമാരായി. വീട്ടുനമ്ബർ രേഖപ്പെടുത്തേണ്ടിടത്ത് ചേർത്തിരിക്കുന്നത് പൂജ്യം എന്നാണ്. ഇങ്ങനെ വോട്ടർപട്ടിക ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്
അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേർത്തതെന്നാണ് രാഹുല്‍ പറയുന്നത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തില്‍ 40,009 വോട്ടർമാരുണ്ടായി. മുപ്പതും അമ്ബതുമൊക്കെയായി ഒരേവിലാസത്തില്‍ ഇങ്ങനെ 10,452 വോട്ടർമാരെ ചേർത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടർമാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടർമാരെയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു

രാജ്യത്ത് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ രാഹുല്‍ പുല്‍വാമയും ഓപ്പറേഷൻ സിന്ദൂറും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍, അഞ്ച് വർഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടർമാരെ 5 മാസം കൊണ്ട് പുതുതായി ചേർത്തതും, വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടർ പട്ടികയില്‍ സംഭവിച്ച വോട്ടർമാരുടെ വർധനയും കുതിച്ചു ചാട്ടവും സംശയകരമാണെന്ന് രാഹുല്‍ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തെളിവുകള്‍ ഇല്ലാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതായും രാഹുല്‍ ആരോപിച്ചു.
വോട്ടർപട്ടികയുടെ ഇലക്ടോണിക് ഡാറ്റ നല്‍കാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. ‘നിങ്ങള്‍ രണ്ടുതവണ വോട്ട് ചെയ്തോ എന്നോ നിങ്ങളുടെ പേര് വോട്ടർ പട്ടികയില്‍ രണ്ടുതവണയുണ്ടോ എന്നോ എനിക്ക് കണ്ടെത്തണമെങ്കില്‍, നിങ്ങളുടെ ചിത്രമെടുത്ത് ഈ ഓരോ കടലാസുമായി ഒത്തുനോക്കേണ്ടി വരും. ഇതാണ് അതിലെ നടപടിക്രമം, ഇത് വളരെ മടുപ്പിക്കുന്ന ഒരു പ്രക്രിയയുമാണ്. ഒന്നിലധികം സീറ്റുകളില്‍ ഇത് ചെയ്യാമെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയിരുന്നത്, എന്നാല്‍ ഈ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇലക്‌ട്രോണിക് ഡാറ്റ നല്‍കാത്തതെന്ന് മനസ്സിലായത്. കാരണം, ഞങ്ങള്‍ ഇത് സൂക്ഷ്മമായി പരിശോധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഈ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങള്‍ക്ക് ആറുമാസം വേണ്ടിവന്നു..

തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങള്‍ക്ക് ഇലക്‌ട്രോണിക് ഡാറ്റ നല്‍കിയിരുന്നെങ്കില്‍, ഇതിന് 30 സെക്കൻഡ് മതിയാകുമായിരുന്നു. വിവരങ്ങള്‍ വിശകലനം ചെയ്യപ്പെടാതിരിക്കാനാണ് ഞങ്ങള്‍ക്ക് ഈ രൂപത്തില്‍ അവ നല്‍കുന്നത്’ രാഹുല്‍ പറഞ്ഞു.
അതുകൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ളവരല്ല, അതിനെ സംരക്ഷിക്കാനുള്ളവരാണ്. ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ തെളിവുകളാണ്. കർണാടകയിലെ വിവരങ്ങള്‍ മാത്രമല്ല, രാജ്യത്തെ ഓരോ വോട്ടർ പട്ടികയും തെളിവാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ഒരു കുറ്റകൃത്യമാണ്. ഇതൊരു നിയമസഭാമണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ മാത്രം തെളിവാണ്. ഞങ്ങള്‍ക്ക് പൂർണ്ണ ബോധ്യമുണ്ട്, രാജ്യത്തുടനീളം, ഓരോ സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം വളരെ വലിയ തോതില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം സിസിടിവി ദൃശ്യങ്ങളും വോട്ടർ പട്ടികയും ഇപ്പോള്‍ ഒരു കുറ്റകൃത്യത്തിന്റെ തെളിവുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ, അത് നശിപ്പിക്കാനുള്ള തിരക്കിലുമാണ്.

STORY HIGHLIGHTS:Opposition leader Rahul Gandhi said the election was rigged.