IndiaNewsWorld

പ്രധാനമന്ത്രി പോളണ്ടിൽ, ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് പോളിഷ് സേന

പ്രധാനമന്ത്രി പോളണ്ടിൽ, ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് പോളിഷ് സേന; നാളെ ട്രെയിനിൽ യുക്രൈനിലേക്ക് പോകും

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകി. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളിൽ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി.

45 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം. ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. ശേഷം വൈകിട്ട് മോദി പോളണ്ടിൽ നിന്ന് ട്രെയിനിൽ യുക്രെയിനിലേക്ക് പോകും.

പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു


മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഏഴു മണിക്കൂർ യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകുന്ന മോദി ഇന്ത്യൻ വിദ്യാർത്ഥികളുമായും സംസാരിക്കും.



STORY HIGHLIGHTS:In Poland, the Prime Minister received a guard of honor from the Polish army

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker