വയനാടിന് അടിയന്തര ധനസഹായം; ക്യാംപില്‍ കഴിയുന്ന ഒരോ കുടുംബത്തിനും 10,000 രൂപ, ജീവനോപാധി നഷ്ടമായവര്‍ക്ക് 300 രൂപ ദിവസവും
കല്‍പറ്റ:വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നല്‍കും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.
കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.
ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.
STORY HIGHLIGHTS:Relief funds announced for landslide disaster victims