ന്യൂഡല്‍ഹി: ഇന്റലിജൻസ് ഏജൻസികള്‍, ചാരസംഘടനയായ റോ എന്നിവയുടെ വീഴ്ചയാണ് 1999ല്‍ കാർഗില്‍ യുദ്ധത്തിനു വഴിയൊരുക്കിയതെന്ന് മുൻ കരസേനാ മേധാവി ജനറല്‍ (റിട്ട) എൻ.സി.വിജ്.
കാർഗിലില്‍ കടന്നുകയറാൻ പാക്കിസ്ഥാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏജൻസികള്‍ക്കു ശേഖരിക്കാനായില്ലെന്ന് ‘എലോണ്‍ ഇൻ ദ് റിങ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം വിമർശിച്ചു. പുസ്തകം വൈകാതെ പുറത്തിറങ്ങും.
ശൈത്യകാല പോരാട്ടങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പാക്കിസ്ഥാൻ വൻതോതില്‍ വാങ്ങിക്കൂട്ടിയത് ഇന്ത്യൻ ഏജൻസികളുടെ ശ്രദ്ധയില്‍പെട്ടില്ല. പാക്ക് കടന്നുകയറ്റം ഇന്റലിജൻസ് വീഴ്ച മൂലം അറിയാൻ ഇന്ത്യ വൈകി. അപ്രതീക്ഷിത നീക്കത്തിലൂടെ തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിക്കാൻ അവർക്കു സാധിച്ചു. കടന്നുകയറ്റം മനസ്സിലാക്കുന്നതില്‍ കാലതാമസമുണ്ടായെന്നു മാത്രമല്ല, കടന്നുകയറിയത് ഭീകരരാണോ പാക്ക് സൈനികരാണോ എന്നു മനസ്സിലാക്കാനും ഏജൻസികള്‍ക്കു സാധിച്ചില്ല.
ആ വർഷം പാക്കിസ്ഥാനുമായി യുദ്ധത്തിന് ഒരു സാധ്യതയുമില്ലെന്നായിരുന്നു റോയുടെ വിലയിരുത്തലെന്നും വിജ് ചൂണ്ടിക്കാട്ടി. കാർഗില്‍ യുദ്ധവേളയില്‍ മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലായിരുന്ന വിജ്, 2003-05ലാണു സേനയുടെ നേതൃത്വം വഹിച്ചത്.
STORY HIGHLIGHTS:’Intelligence failure led to Kargil war: Ex-Army Chief