കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ.
ഹൊസ്ദുർഗ് പോക്‌സോ അതിവേഗ പ്രത്യേക കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ച് കേസ് പിൻവലിക്കാത്തതിനാല്‍ നാട്ടില്‍ ഒറ്റപ്പെടുത്തുകയാണെന്നും കൂലിപണി ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ അടുത്ത ദിവസം ഹാജകാരാൻ ബേഡകം ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നല്‍കി.
സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്, ഞാനതു പറഞ്ഞോട്ടെയെന്ന് ചോദിച്ച ഇവർക്ക് ജഡ്ജി പി.എം. സുരേഷ് അതിനുള്ള അനുമതി നല്‍കി. വിതുമ്ബലോടെ തുടങ്ങിയ ഇവർ പൊട്ടിക്കരയുകയായിരുന്നു. ‘മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു, ഈ കേസ് പിൻവലിക്കണമെന്ന്. അതിന് തയ്യാറാകാത്തതിനാല്‍ കൂലിപ്പണിപോലും തരാൻ സമ്മതിക്കുന്നില്ല’- അതിജീവിതയുടെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞു. ബ്രാഞ്ചും സെക്രട്ടറിയുടെ പേരും അമ്മ പറഞ്ഞിട്ടുണ്ട്.
ബേഡകം പോലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ വർഷം നടന്ന പീഡനക്കേസിന്റെ വിചാരണവേളയിലാണ് കോടതിയില്‍ നാടകീയസംഭവം അരങ്ങേറിയത്. വിസ്തരിക്കാനായി കൂട്ടില്‍ കയറ്റിനിർത്തിയപ്പോഴാണ് അതിജീവിതയുടെ അമ്മ ന്യായാധിപനു മുന്നില്‍ സങ്കടംപറഞ്ഞത്. 14 പേർ പ്രതികളായ കേസാണിത്.
പതിനാറുകാരിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈല്‍ഡ്‌ലൈൻ അധികൃതർ പോലീസില്‍ അറിയിക്കുകയായിരുന്നു. വെവ്വേറെ സമയങ്ങളില്‍ പീഡനം നടന്നുവെന്നാണ് കേസ്. 14 കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിലൊരു കേസിന്റെ വിചാരണയാണിപ്പോള്‍ നടക്കുന്നത്. കേസ് പിൻവലിക്കണമെന്ന് ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെട്ടുവെന്നാണ് അതിജീവിതയുടെ അമ്മ വെളിപ്പെടുത്തിയിരിക്കുന്നത്.
STORY HIGHLIGHTS:The girl’s mother says that the CPM branch secretary is pressuring the minor girl to withdraw the case of molestation by 14 people.