IndiaNews

സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി.

മറുവശത്ത്, എക്സിറ്റ് പോളുകൾ പുറത്തുവന്നതോടെ നഷ്‌ടമായ ആത്മവിശ്വാസം വോട്ടെണ്ണൽ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്ത്യ സഖ്യ നേതാക്കളും സജീവമായി. ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്.

എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. ആന്ധ്രയിൽ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടു. സർക്കാർ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിൻ്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.

അതേസമയം, ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലർത്തുന്നതായാണ് വിവരം. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുൻ സഹയാത്രികനും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പർക്കത്തിലാണ്.

ഇന്ത്യ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർക്കു പുറമേ സീറ്റുകൾ കുറവാണെങ്കിലും വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇന്ത്യ മുന്നണിക്ക് 30ലധികം സീറ്റ് അധികം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി

അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം.

STORY HIGHLIGHTS:’India’ contacted Naidu and Nitish for the possibility of forming the government

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker