
തിരുവനന്തപുരം:ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹരികുമാറിന് സ്വന്തം സഹോദരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് ഇയാള്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ് ദേവേന്ദു എന്ന രണ്ടുവയസുകാരിയെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. ശ്രീതു ശുചിമുറിയിലേക്കു പോയ സമയത്തായിരുന്നു ഹരികുമാർ കൊടുംക്രൂരത ചെയ്തത്. സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഹരികുമാർ അന്വേഷണ ഉദ്യോഗസ്ഥരോടും വെളിപ്പെടുത്തിയിട്ടുണ്ട്.
ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജനുവരി 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ യുവതി തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.
ഇതിനിടെ, ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്കി. കളക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. സാമ്ബത്തികത്തട്ടിപ്പ് കേസില്‍ റിമാൻഡില്‍ കഴിയുകയാണ് ശ്രീതു.
പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇൻസ്പെക്ടർ ധർമജിത്ത് പറഞ്ഞു.

STORY HIGHLIGHTS:Shocking information has emerged about the murder of a two-year-old girl who was thrown into a well.