ദുബായ്: ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മലയാളി എന്ന സ്ഥാനം ഒരിക്കൽ കൂടി നിലനിർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഇത്തവണ ശതകോടീശ്വര പട്ടികയിലേക്ക് ഒരു മലയാളി വനിതയുടെ സാന്നിധ്യവും ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. യൂസഫലി ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട ഏറ്റവും സമ്പന്നരായ പന്ത്രണ്ട് മലയാളികളിൽ അഞ്ച് പേരും ഗൾഫ് നാടുകളിൽ ബിസിനസ് നടത്തുന്നവരാണ്.
പട്ടികയിൽ ഒന്നാമതെത്തിയ ഏറ്റവും സമ്പന്നനായ മലയാളി എന്ന റെക്കോർഡ് മുറുകെ പിടിച്ച എംഎ യൂസഫലിയുടെ ആസ്‌ി ഏകദേശം 7.6 ബില്യൺ ഡോളറാണ്. ആഗോള തലത്തിൽ അതിസമ്പന്നരുടെ പട്ടിക എടുത്താൽ അതിൽ യൂസഫലി വമ്പൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 497-ാം സ്ഥാനത്തു നിന്നും ഇത്തവണ നൂറിലധികം സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 344-ാം സ്ഥാനത്തേക്കാണ് യൂസഫലി ഉയർന്നത്.
ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസാണ് അതിസമ്പന്നപട്ടികയിൽ രണ്ടാമതെത്തിയ മലയാളി. 4.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ആസ്‌തി. ബുർജീൽ ഹോൾഡിങ്സ് ഉടമ ഡോക്‌ടർ ഷംസീർ വയലിൽ 3.5 ബില്യൺ ഡോളറുമായി പട്ടികയിൽ മൂന്നാമതെത്തി. ഇതേ ആസ്‌തിയുമായി ക്രിസ് ഗോപാലകൃഷ്ണണനും പട്ടികയിൽ മൂന്നാമതുണ്ട് എന്നതാണ് പ്രത്യേകത.
ഇവരെ കൂടാതെ ആർപി ഗ്രൂപ്പ് ഉടമ രവി പിള്ള-3.3 ബില്യൺ ഡോളർ, സണ്ണി വർക്കി- 3.3 ബില്യൺ ഡോളർ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഗൾഫ് പ്രവാസികൾ. ഇതിന് പുറമെ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണ രാമൻ- 3.2 ബില്യൺ ഡോളർ, എസ്‌ഡി ഷിബുലാൽ- 2 ബില്യൺ ഡോളർ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1.6 ബില്യൺ ഡോളർ എന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
1.3 ബില്യൺ ഡോളർ ആസ്‌തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലുള്ള സമ്പന്നയായ മലയാളി വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോർബ്സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്നത്. അതേസമയം, ഫോർബ്സ് പുറത്തുവിട്ട പട്ടികയിൽ ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് (233 ബില്യൺ ഡോളർ) പട്ടികയിൽ ഒന്നാമതെത്തി.
ഇലോൺ മസ്കക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 116 ബില്യൻ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരിൽ രണ്ടാമൻ.
STORY HIGHLIGHTS:Lulu Group Chairman MA Yousafali has once again maintained his position as the most prominent Malayali in the list of the world’s richest people.