ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് ജീവനക്കാരൻ
അബുദാബി: ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നര കോടി തട്ടിയെടുത്ത് മുങ്ങി കണ്ണൂർ സ്വദേശി,ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ് (38) ആണ് പണവുമായി മുങ്ങിയത്.
സംഭവത്തിൽ ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകി. ഒന്നര കോടിയോളം ഇന്ത്യൻ രൂപ( ആറ് ലക്ഷം ദിർഹം) ഇയാൾ അപഹരിച്ചതായി പരാതിയിൽ പറയുന്നു.
മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു.
ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് നിയമപ്രകാരം കമ്പനിയാണ് സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. അതേ സമയം നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്‌തിട്ടുണ്ട്.
STORY HIGHLIGHTS:Employee steals 1.5 crore rupees from Lulu