ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം
ഗാന്ധിനഗര്‍: അഹ്‌മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം.
സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് റമദാന്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം.കാവി ഷാളുകള്‍ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്‌ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി അക്രമി സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലെറിഞ്ഞ സംഘം, ഹോസ്റ്റല്‍ കെട്ടിടത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഞ്ചു വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.
ഇസ്‌ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവര്‍ കൈയില്‍ കരുതിയിരുന്നതായും വിദ്യാര്‍ഥികളെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യൂനിവേഴ്സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതര്‍ ഹോസ്റ്റലില്‍ അനുവദിച്ച സ്ഥലത്ത് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയത്.
കാവി ഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ തങ്ങളെ തള്ളിമാറ്റി ആരാണ് അവിടെ പ്രാര്‍ഥിക്കാന്‍ അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അവരുടെ ചോദ്യം മനസിലായില്ലെന്നും ഉത്തരം നല്‍കുന്നതിനു മുമ്പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പോലിസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. കണ്‍മുന്നിലുണ്ടായിട്ടും അക്രമികളെ പിടികൂടാന്‍ പോലിസ് തയാറായില്ലെന്നും ആരോപണമുണ്ട്.
STORY HIGHLIGHTS:Hindutvaists brutally beat up students while performing Taraweeh prayers