IndiaNews

ഒന്നും ഒളിച്ചുവെക്കരുത്’; ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി. ഇലക്ടറൽ ബോണ്ട് കേസിലെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

ഒന്നും ഒളിച്ചുവെക്കരുതെന്നും ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും സുപ്രീംകോടതി എസ്.ബി.ഐയോട് നിർദേശിച്ചു.

വിവരങ്ങൾ ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.’ഓരോ വിവരങ്ങളും പുറത്തുവിടാൻ ഞങ്ങളോട് പറയൂ, അപ്പോൾ ഞങ്ങൾ പുറത്തുവിടാം’ എന്ന നിലയ്ക്കാണ് എസ്.ബി.ഐയുടെ സമീപനമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വിമർശിച്ചു.

എസ്.ബി.ഐ പക്ഷപാതം കാട്ടരുത്. എസ്.ബി.ഐ കോടതിയോട് സത്യസന്ധവും നീതിപൂർവവുമായ നിലപാട് സ്വീകരിക്കണം -അദ്ദേഹം പറഞ്ഞു. ഇലക്ടറൽ ബോണ്ട് ആൽഫാ ന്യൂമറിക് നമ്പറും സീരിയൽ നമ്പറും ഉൾപ്പെടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ നിർദേശിച്ച കോടതി, എല്ലാ വിവരങ്ങളും പുറത്തുവിട്ടെന്ന് വ്യക്തമാക്കി വ്യാഴാഴ്ചക്കകം എസ്.ബി.ഐ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.

ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ എസ്.ബി.ഐ വെളിപ്പെടുത്തിയിരുന്നില്ല. ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയൽ നമ്പർ (അൽഫ ന്യൂമെറിക് നമ്പർ) പുറത്തുവിട്ടാൽ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. ഇന്നത്തെ വിധിയോടെ ബോണ്ട് നമ്പറുകൾ കൈമാറാൻ എസ്.ബി.ഐ നിർബന്ധിതരായിരിക്കുകയാണ്.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

STORY HIGHLIGHTS:hide nothing’;  Supreme Court asks SBI to release all information including bond number

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker