NewsPolitics

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറി എസ്.ബി.ഐ; 15ന് മുമ്പ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും



ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറി എസ്.ബി.ഐ; 15ന് മുമ്പ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്.ബി.ഐ. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്.ബി.ഐ വിവരങ്ങള്‍ കൈമാറിയത്. ചൊവ്വാഴ്ച 5.30നാണ് കമ്മീഷന് എസ്.ബി.ഐ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രേഖകള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്നായിരുന്നു എസ്.ബി.ഐ സുപ്രിം കോടതിയില്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ കോടതി എസ്.ബി.ഐയുടെ ഹരജി തള്ളി. സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും അടുത്ത ദിവസം തന്നെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

മാര്‍ച്ച് 15 നു മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രഹസ്യമാക്കി വെച്ചത് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

വിധി വന്ന ശേഷം 26 ദിവസം എന്ത് നടപടിയെടുത്തു എന്നും സീല്‍ഡ് കവറില്ലേ, അത് തുറന്നാല്‍ പോരേ എന്നും സുപ്രിം കോടതി എസ്.ബി.ഐയോട് ചോദ്യമുയര്‍ത്തി. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാന്‍ എസ്.ബി.ഐക്ക് നല്‍കിയ സമയം മാര്‍ച്ച് ഒമ്പതിന് അവസാനിച്ചിരുന്നു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാവാതിരിക്കാനാണ് എസ്.ബിഐ സമയം നീട്ടി ചോദിക്കുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

STORY HIGHLIGHTS:SBI handed over electoral bond information;  Election Commission will publish the information before 15th

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker