ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സർക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22
ഡയറക്ടർമാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവിൽ സർവീസിൽ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്.
സ്വകാര്യ മേഖലയിൽ നിന്ന് വ്യക്തികളെ നിയമിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ് മെന്റ് കമ്മിറ്റി അനുമതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രത്യേക മേഖലയിൽ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്നോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ സ്വകാര്യ മേഖലയിൽ നിന്നോ ഈ നിയമനങ്ങൾ നടത്താം.
2018 ൽ ആരംഭിച്ച ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലാണ് റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് പുതിയ രീതി. ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ, സ്വകാര്യ മേഖലയിൽ നിന്നോ സംസ്ഥാന സർക്കാർ / സ്വയംഭരണ സ്ഥാപനങ്ങൾ / പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നോ ആണ് റിക്രൂട്ട്മെന്റുകൾ നടത്തുന്നത്.
സാധാരണയായി, ജോയിന്റ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നീ തസ്തികകൾ കൈകാര്യം ചെയ്യുന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് എന്നിവയിൽ നിന്നാകും ഈ ഉദ്യോഗാർത്ഥികൾ. 2018 ജൂണിലാണ്, പേഴ്‌സണൽ മന്ത്രാലയം 10 ജോയിന്റ് സെക്രട്ടറി റാങ്ക് തസ്‌തികകളിലേക്ക് ആദ്യമായി ലാറ്ററൽ എൻട്രി മോഡ് വഴി അപേക്ഷ ക്ഷണിച്ചത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തിയത്. 10 ജോയിന്റ് സെക്രട്ടറിമാരും 28 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറിമാരും ഉൾപ്പെടെ 38 സ്വകാര്യ മേഖലയിലെ വിദഗ്ധർ ഇതുവരെ സർവീസിൽ ചേർന്നു.
2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 ഉദ്യോഗാർത്ഥികളെ ജോയിന്റ് സെക്രട്ടറിമാരായും ഡയറക്‌ടർമാരായും വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ ഡെപ്യൂട്ടി സെക്രട്ടറിമാരായും നിയമിക്കുന്നതിന് ശുപാർശ ചെയ്തു. നിലവിൽ, എട്ട് ജോയിന്റ് സെക്രട്ടറിമാരും 16 ഡയറക്‌ടർമാരും ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാരും ഉൾപ്പെടെ 33 സ്പെഷ്യലിസ്റ്റുകൾ പ്രധാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്.
STORY HIGHLIGHTS:No IAS or IPS; Recruitment from private sector to key central government posts