ബെംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദകരമായി ആരോ കഫേയിൽ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്.
ഒമ്പത് പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.എൻഐഎ സംഘവും ബോംബ് സ്ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ വിശകലനം ചെയ്‌തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്ഫോടനമുണ്ടായത്. ഭക്ഷണശാലയിൽ മറ്റ് ആറുപേർക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നിൽ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കർണാടക ഫയർ ആൻഡ് എമർജൻസി ഡയറക്ടർ ടി.എൻ.ശിവശങ്കർ പറഞ്ഞു.
STORY HIGHLIGHTS:Karnataka Chief Minister confirmed that the Rameswaram cafe blast was a bomb blast