ഏകസിവിൽകോഡ് നടപ്പാക്കാൻ അസം സർക്കാർ,മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി
ഗുവാഹത്തി: ഉത്തരാഖണ്ഡിനു
പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ
ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ
ചുവടുവയ്പ്പായി മുസ്‌ലിം വിവാഹം,
വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ
പിൻവലിക്കാൻ തീരുമാനിച്ചു. അസം സർക്കാർ
പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് മുസ്‌ലിം
വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട്
റദ്ദാക്കാൻ തീരുമാനിച്ചത്.
അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം സർക്കാർ വ്യക്തമാക്കി. പുതിയ സർക്കാർ തീരുമാനത്തോടെ അസമിൽ ഇനി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റർ ചെയ്യാനാകുക.
ഫെബ്രുവരി 7ന് ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു. “വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്.
അതിനനുസൃതമായാണ് അസം 1935ലെ മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം റദ്ദാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”- മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
STORY HIGHLIGHTS:The Assam government repealed the Muslim Marriage and Divorce Registration Act to implement the Uniform Civil Code