പാർലമെന്‍റ് സുരക്ഷാ വീഴ്ച; പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയിക്കാൻ ഷോക്കടിപ്പിച്ചെന്ന് പ്രതികൾ കോടതിയിൽ
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയിക്കാൻ ഡൽഹി പൊലീസ് തങ്ങളോട് കടുത്ത ക്രൂരതകൾ കാണിച്ചെന്ന് പാർലമെന്റ് അതിക്രമക്കേസിലെ പ്രതികൾ. കുറ്റം ഏറ്റുപറയാനും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയാനും ഷോക്കടിപ്പിച്ചെന്ന് പ്രതികൾ പട്യാലഹൗസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസിലെ ആറ് പ്രതികളിൽ സാഗർ ശർമ, ഡി. മനോരഞ്ജൻ, ലളിത് ഝാ, മഹേഷ് കുമാവത്, അമോൽ ഷിൻഡെ എന്നിവരാണ് അഡി. സെഷൻസ് ജഡ്‌ജ് ഹർദീപ് കൗറിന് സത്യവാങ്‌മൂലം നൽകിയത്.
പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും വെള്ളക്കടലാസുകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും പ്രതികൾ പറഞ്ഞു. 70ഓളം വെള്ളക്കടലാസുകളിലാണ് ഒപ്പിട്ടുവാങ്ങിയത്. നാർകോ പോളിഗ്രാഫ് ടെസ്റ്റ് നടത്തിയ വ്യക്തികൾ ചില രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പേര് പറയാൻ നിർബന്ധിച്ചെന്നും പ്രതികൾ കോടതിയെ അറിയിച്ചു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും ഇ- മെയിലിന്റെയും ഫോണുകളുടെയും പാസ് വേഡുകൾ നൽകാൻ നിർബന്ധിച്ചതായും ഇവർ പറഞ്ഞു.
പ്രതികളുടെ അപേക്ഷയിൽ ഡൽഹി പൊലീസിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. ഇന്ന് കോടതിയിൽ ഹാജരാക്കിയ ആറ് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 10 വരെ നീട്ടി.
ഡിസംബർ 13നായിരുന്നു പ്രതികൾ പാർലമെന്റിനകത്ത് അതിക്രമം കാട്ടിയത്. മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തിയ സാഗർ ശർമയും ഡി. മനോരഞ്ജനും എം.പിമാർക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു. പുക സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ചാടിയിറങ്ങിയ ഇവരെ എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പാർലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട നീലവും അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. മറ്റ് രണ്ട് പ്രതികളെ പിന്നീടാണ് പിടികൂടിയത്. പ്രതികൾക്കെതിരെ യു.എ.പി.എ ഉൾപ്പെടെ കടുത്ത കുറ്റങ്ങളാണ് ചുമത്തിയത്.
STORY HIGHLIGHTS:Parliament security breach; The accused in the court said that they were shocked to say that they are related to the opposition parties