തിരുവനന്തപുരം:ആരോഗ്യമേഖലയെ നവീകരിക്കാന്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 3,000 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയില്‍ 2100 കോടി രൂപ ലോകബാങ്കില്‍ നിന്ന് വായ്പയായി എടുക്കും.
ബാക്കി 900 കോടി രൂപ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും.
പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ കെയറിനുള്ള അടിസ്ഥാന സൗകര്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്തുക, ശിശു സംരക്ഷണ പദ്ധതികള്‍, സമഗ്ര ആരോഗ്യ സംവിധാനത്തിന്റെ മെച്ചപ്പെടുത്തല്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായാണ് ഈ വായ്പയെടുക്കുന്നത്.
ആദ്യ വര്‍ഷം 562.5 കോടി രൂപയും രണ്ടും മൂന്നും നാലും വര്‍ഷങ്ങളില്‍ 750 കോടി രൂപ വീതവും അഞ്ചാം വര്‍ഷം 187.5 കോടി രൂപയും പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കൈമാറും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
STORY HIGHLIGHTS:State government to borrow ₹2100 crore from World Bank