ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയെന്നതിന് ഐക്യരാഷ്ട്രസഭക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) തെളിവുകൾ നിരത്തി ദക്ഷിണാഫ്രിക്ക.
നേരത്തേ ആസൂത്രണംചെയ്ത‌് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ മാരകമായ കൂട്ട നശീകരണായുധങ്ങളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്. സിവിലിയന്മാരെ വലിയതോതിൽ കൊലപ്പെടുത്തി. ബോംബുകൾ വർഷിച്ച് ഫലസ്തീനികളെ വീട് വിടാൻ പ്രേരിപ്പിച്ചശേഷം സുരക്ഷിത കേന്ദ്രമെന്നു പറഞ്ഞ് അഭയാർഥി ക്യാമ്പുകളിലെത്തിച്ച് കൂട്ടക്കൊല ചെയ്തു. ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാർത്താവിനിമയംപോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിരസിച്ചു
വീടുകൾ, സ്കൂളുകൾ, മുസ്‌ലിം പള്ളികൾ, ചർച്ചുകൾ, ആശുപത്രികൾ എന്നിവ ബോംബിട്ടു തകർത്തു. കുട്ടികളെ വൻതോതിൽ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും അനാഥരാക്കുകയുംചെയ്തു. വംശഹത്യകൾ ഒരിക്കലും മുൻകൂട്ടി പ്രഖ്യാപിച്ച് നടപ്പാക്കുന്നതല്ല. എന്നാൽ, 13 ആഴ്‌ചയായി ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് ഇത്തരം സംഭവങ്ങൾ വിശകലനംചെയ്യുമ്പോൾ കോടതിക്ക് വ്യക്തമാകുമെന്ന് ആദില ബോധിപ്പിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുടെ പ്രസ്താവനകൾ വംശഹത്യക്ക് തെളിവാണെന്ന് മറ്റൊരു അഭിഭാഷകൻ തെംബെക കുകൈതോബി ചൂണ്ടിക്കാട്ടി. ‘ഒക്ടോബർ ഏഴ് ആക്രമണത്തിന് ആ രാജ്യം മുഴുവൻ ഉത്തരവാദികളാണ്’ എന്ന ഐസക് ഹെർസോഗിന്റെ പ്രസ്താവന അദ്ദേഹം എടുത്തുപറഞ്ഞു.
‘അമാലേക്യരെ ആക്രമിക്കുകയും അവരുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കുകയും ചെയ്യുക’ എന്ന വേദപുസ്തകത്തിലെ വാക്യം ചൊല്ലി ഇസ്രായേൽ സൈനികർ ഗസ്സയിൽ ആഹ്ളാദപൂർവം ഗാനം ആലപിക്കുന്ന ദൃശ്യവും കോടതിയിൽ പ്രദർശിപ്പിച്ചു. അമാലേക്യൻ സമൂഹത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെയും കൊന്നുകളയാനുള്ള ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗലിൻ്റെ കൽപനയെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു ഇസ്രായേൽ ജനതയെ ഓർമിപ്പിക്കുന്ന വിഡിയോയും തെളിവായി ഹാജരാക്കി. ഫലസ്തീൻ ജനതയെ ഒന്നടങ്കം നശിപ്പിക്കുകയെന്ന വ്യക്തമായ പദ്ധതിയോടെയാണ് ഇസ്രായേൽ മുന്നോട്ടുപോകുന്നതെന്ന് ഇതുവരെയുള്ള സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നതായും തെംബെക വിശദീകരിച്ചു.
തങ്ങൾ വംശഹത്യയാണ് ചെയ്യുന്നതെന്ന് ഏതെങ്കിലും രാജ്യം സമ്മതിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇസ്രായേൽ എന്ന രാജ്യത്തെമ്പാടും മുഴങ്ങുന്നത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മണിക്കൂർ നീണ്ട ദക്ഷിണാഫ്രിക്കയുടെ വാദം വ്യാഴാഴ്ച പൂർത്തിയായി. ഇസ്രായേലിൻ്റെ വാദം വെള്ളിയാഴ്ച നടക്കും. കോടതിക്ക് പുറത്ത് ആയിരങ്ങൾ ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു.
STORY HIGHLIGHTS:South Africa has submitted evidence to the International Court of Justice that Israel’s occupation of Gaza constitutes genocide.