ഡൽഹി :മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സമിതിക്കു മുന്നില്‍ പൊതുജനങ്ങളില്‍ നിന്ന് 5000 നിര്‍ദേശങ്ങള്‍ ലഭിച്ചു.
രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് നിലവിലുള്ള ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉന്നതതല സമിതി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള ഇമെയിലുകള്‍ വന്നിരിക്കുന്നത്.
ജനുവരി 15നകം ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഉന്നതതല സമിതി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇത് സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ചത്. വിഷയത്തില്‍ രണ്ട് തവണ യോഗം ചേരുകയും ചെയ്തു. ഒരേസമയം വോട്ടെടുപ്പ് നടത്തുക എന്ന ആശയത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായങ്ങളും കമ്മിറ്റി ആരാഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് ആറ് ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന തലത്തിലുള്ള 33 പാര്‍ട്ടികള്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഏഴ് അംഗീകൃത പാര്‍ട്ടികള്‍ക്കും കത്തയച്ചിരുന്നു.
ഒരേസമയം തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് ലോ കമ്മിഷന്റെ അഭിപ്രായവും സമിതി കേട്ടിട്ടുണ്ട്. വിഷയത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കായി സമിതി ചേരുമെന്നാണ് വിവരം. ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ പരിശോധിക്കാനും നല്‍കാനുമാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. ഭരണഘടന, ജനപ്രാതിനിധ്യ നിയമം-1950, ജനപ്രാതിനിധ്യ നിയമം- 1951, ചട്ടങ്ങള്‍ എന്നിവ പരിശോധിച്ച് പ്രത്യേക ഭേദഗതികള്‍ക്കാണ് ശുപാര്‍ശ ഉള്ളത്.
STORY HIGHLIGHTS:One country, one election: 5000 suggestions received from the public