കോഴിക്കോട്:വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിറുത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈൻ ഹോസ്‌പിറ്റാലിറ്റി കമ്ബനിയിലെ ജീവനക്കാരായ മനോജ്, ജോയല്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്ബലം സ്വദേശിയാണ് മനോജ്. ജോയല്‍ കണ്ണൂർ പറശേരി സ്വദേശിയും.
കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്‌ച ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിലേക്കായി കാരവാനില്‍ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരില്‍ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്ബനപാലത്ത് റോഡരികില്‍ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്‌ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാൻ എത്താത്തതിനെത്തുടർന്ന് കമ്ബനി നടത്തിയ അന്വേഷണത്തിലാണ് കരിമ്ബനപാലത്ത് നിർത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികളില്‍ ഒരാളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനില്‍ വാതിലിനോട് ചേർത്തായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യില്‍ വണ്ടിയുടെ താക്കോല്‍ ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്ക് ആകാം മരണകാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ ഉടൻ പൂർത്തിയാകുമെന്നാണ് വിവരം. മൃതദേഹങ്ങള്‍ നിലവില്‍ ക്യാരവാനില്‍ നിന്ന് മാറ്റിയിട്ടില്ല.
STORY HIGHLIGHTS:More details have been released about the incident in which two people were found dead in a caravan.