മുംബൈ:ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്പീഡ് ബോട്ടിടിച്ച് തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍ 13 പേർ മരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ചിലർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറുപേർ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടർന്നാണ് അപകടം.
അപകടം നടക്കുന്നതിന് തൊട്ടുമുമ്ബുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍നിന്നാണ് പകർത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തില്‍കാണാം.
സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. . നാവികസേനാ ബോട്ടിന്റെ എഞ്ചിൻ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്ബോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേർ ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്., 11 നാവികസേനാ ബോട്ടുകളും മറൈൻ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചതായി ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. നാലുഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്ര ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അധികൃതർ ഇത് പരിശോധിച്ച് വരികയാണ്.
STORY HIGHLIGHTS:13 dead in collision between passenger boat and Navy speedboat