അഗർത്തല: മൃഗശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌ത് ത്രിപുരയിലെ ബി.ജെ.പി സർക്കാർ.
വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി.
അക്ബർ, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്‌പി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി കോടതിയെ സമീപിച്ചത്. മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ത്രിപുരയിലെ സെപാഹിജാല മൃഗശാലയിൽ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കൻ ബംഗാൾ വന്യ മൃഗ പാർക്കിലേക്ക് മാറ്റിയത്. ആ സമയത്ത് ത്രിപുരയിലെ മുഖ്യ വൈൽഡ് ലൈഫ് വാർഡനായിരുന്നു 1994 ഐഎഫ്എസ് ബാച്ചുകാരനായ പ്രബിൻലാൽ അഗർവാൾ. സിലിഗുരിയിലേക്ക് സിംഹ ദമ്ബതികളെ മാറ്റുന്നതിനിടെ പ്രബിൻലാലാണ് രജിസ്റ്ററിൽ അക്ബർ, സീത എന്നീ പേരുകൾ സിംഹങ്ങൾക്കിട്ടത്.
നേരത്തെ, സംഭവത്തിൽ ത്രിപുര സർക്കാർ വൈൽഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്നാണ് കൽക്കട്ട ഹൈകോടതി വിധിച്ചത്. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സിംഹങ്ങൾക്ക് പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.
STORY HIGHLIGHTS:The official who named the lions Sita and Akbar was suspended.