ബെയ്ജിങ്: രണ്ട് കുട്ടികളെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ജനലിലൂടെ എറിഞ്ഞ് കൊന്ന കാമുകീകാമുകന്മാര്‍ക്ക് വധശിക്ഷ നല്‍കി ചൈന. ഴാങ് ബോ, കാമുകി യേ ചെങ്‌ചെന്‍ എന്നിവരെയാണ് ബുധനാഴ്ച വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വിഷം കുത്തിവെച്ചാണ് ഇരുവരുടേയും ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് സുപ്രീം കോടതി ഇവരുടെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കി രണ്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. കാമുകിയുടെ നിര്‍ബന്ധപ്രകാരമാണ് ഇയാള്‍ കൃത്യം ചെയ്തത്.
രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ഴാങ്ങിന് ഉണ്ടായിരുന്നത്. വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാള്‍ യേ ചെങ്‌ചെനുമായി ബന്ധം സ്ഥാപിച്ചത്. ഭാര്യയായ ചെന്‍ മെയ്‌ലിനുമായുള്ള വിവാഹബന്ധം ഇയാള്‍ 2020 ഫെബ്രുവരിയില്‍ വേര്‍പിരിഞ്ഞിരുന്നു.
ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടികള്‍ തടസമാണെന്നും അവരെ ഒഴിവാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും യേ ചെങ്‌ചെന്‍ നിലപാടെടുത്തതോടെയാണ് തന്റെ രണ്ട് മക്കളേയും ഇയാള്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നത്. ഇതിന് ശേഷം പൊട്ടിക്കരയുന്ന ഴാങ്ങിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. തല ചുമരില്‍ ഇടിച്ച് കരയുന്ന ഇയാളുടെ വീഡിയോ അന്ന് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
കുട്ടികള്‍ ‘താഴെ വീണപ്പോള്‍’ താന്‍ ഉറങ്ങുകയായിരുന്നുവെന്നും താഴെനിന്നുള്ള ആളുകളുടെ ബഹളം കേട്ടാണ് ഉണര്‍ന്നതെന്നുമാണ് അന്ന് ഴാങ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, പിന്നീട് ഇയാളും കാമുകിയുമാണ് കുട്ടികളെ കൊന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ കുറ്റവാളികളായ കാമുകീകാമുകന്മാര്‍ക്കെതിരെ ചൈനയിലുടനീളം രോഷം ഉയര്‍ന്നു.ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിലെ ബുധനാഴ്ചത്തെ ട്രെന്‍ഡിങ് വിഷയമായിരുന്നു ഇവരുടെ വധശിക്ഷ. 20 കോടിയിലേറെ പേരാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വെയ്‌ബോയില്‍ കണ്ടത്.
STORY HIGHLIGHTS:Children were thrown to live together; China executes boyfriends and girlfriends