കൊച്ചി: വ്യക്തി നിയമപ്രകാരം വിവാഹ മോചനം നേടിയ മുസ്ലിം സ്ത്രീക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്താന്‍ നിയമത്തില്‍ പ്രത്യേക വ്യവസ്ഥയില്ലാത്തതില്‍ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമ നിർമ്മാണ സഭ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. വ്യക്തി നിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹ മോചനം രേഖപ്പെടുത്താന്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ. വിവാഹമോചനം രേഖപ്പെടുത്താന്‍ പ്രത്യേക ചട്ടമില്ലെന്ന് കോടതി വിലയിരുത്തി.
ചട്ടമില്ലെങ്കിലും വിവാഹമെന്ന പോലെ വിവാഹ മോചനവും രേഖപ്പെടുത്താമെന്നത് നിയമത്തില്‍ അന്തര്‍ലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുണ്ടെങ്കില്‍ വിവാഹ മോചനം രേഖപ്പെടുത്താനും മാര്യേജ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇതിന് അനുകൂലമായ ഉത്തരവ് വാങ്ങാന്‍ സ്ത്രീയെ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ല. കോടതി ഉത്തരവിന് നിര്‍ബന്ധിക്കാതെ തന്നെ ഉദ്യോഗസ്ഥന് വിവാഹ മോചനം രജിസ്റ്ററില്‍ രേഖപ്പെടുത്താം. അതേസമയം, ഇതുമായി ബന്ധപ്പെട്ട് നിയമത്തിലുള്ള വിടവ് പരിഹരിക്കാന്‍ നിയമ നിര്‍മാണ സഭയാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്നാണ് ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ നടപടിക്കായി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
2012 ഡിസംബര്‍ 20ന് കണ്ണൂര്‍ തലശേരി സ്വദേശിനിയും വടകര സ്വദേശിയും വ്യക്തി നിയമ പ്രകാരം വിവാഹിതരായ ശേഷം വടകര നഗരസഭയില്‍ 2008ലെ കേരള വിവാഹ രജിസ്‌ടേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു. പിന്നീട് 2014 ഓക്ടോബറില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് തലാഖ് ചൊല്ലി വിവഹ ബന്ധം വേര്‍പ്പെടുത്തി. ഇക്കാര്യം ഹര്‍ജിക്കാരിയുടെ പിതാവിനെ അറിയിച്ചു. വിവരം തലശേരി മഹല്‍ ഖാസിയെ അറിയിക്കുകയും വിവാഹ മോചന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വിവാഹ മോചനം രേഖപ്പെടുത്താന്‍ നഗരസഭയുടെ രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വ്യക്തി നിയമ പ്രകാരം വിവാഹിതരായതിനാല്‍ വിവാഹ മോചനം രേഖപ്പെടുത്താന്‍ അധികാരമില്ലെന്നും കോടതി ഉത്തരവുണ്ടെങ്കിലേ ഇത് സാധ്യമാകൂവെന്നുമുള്ള മറുപടിയാണ് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യക്തി നിയമ പ്രകാരം ഒന്നിലേറെ വിവാഹം സാധ്യമായതിനാല്‍ നഗരസഭയിലെ വിവാഹ രജിസ്റ്ററില്‍ നിന്ന് പേര് നീക്കാതെ തന്നെ പുനര്‍വിവാഹം ചെയ്യാന്‍ പുരുഷന് സാധ്യമാണ്. എന്നാല്‍, കോടതി ഉത്തരവ് വാങ്ങി തദ്ദേശ സ്ഥാപനത്തിലെ രജിസ്റ്ററില്‍ നിന്ന് പേര് നീക്കാതെ സ്ത്രീക്ക് പുനര്‍വിവാഹം സാധ്യമല്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ കാര്‍ക്കശ്യം പൊതുബോധത്തിന് വിരുദ്ധമാകുന്നതിലെ പരിഹാസ്യത ബോധ്യപ്പെടുത്താന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന നോവലിലെ ‘നിയമം ഒരു കഴുതയാണെന്ന’ വാക്യങ്ങളും ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിന് നോട്ടീസ് നല്‍കിയ ശേഷം ഉത്തരവ് കിട്ടി ഒരു മാസത്തിനകം രജിസ്റ്ററില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
STORY HIGHLIGHTS:The High Court should close the gap in the absence of a special provision in the law for a Muslim woman to register a divorce