സ്വിഗ്ഗിയുടെ സേവനം ഇനി മുതല്‍ ലക്ഷദ്വീപിലും.

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സേവനം ഇനി മുതല്‍ ലക്ഷദ്വീപിലും. ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇതോടെ, ലക്ഷദ്വീപ് നിവാസികള്‍ക്കും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നതാണ്. ദേശവ്യാപകമായി പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും സ്വിഗ്ഗിയുടെ സേവനങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനം എത്തിക്കുന്ന ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണ് സ്വിഗ്ഗി. ലക്ഷദ്വീപ് കാണാനെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും, ലക്ഷദ്വീപ്കാര്‍ക്കും പ്രാദേശിക റസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. നിലവില്‍, രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും സ്വിഗ്ഗിയുടെ സേവനം ലഭ്യമാണ്. ഘട്ടം ഘട്ടമായി ലക്ഷദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ സ്വിഗ്ഗി നടത്തുന്നുണ്ട്.
രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്താനുള്ള നടപടികള്‍ സ്വിഗ്ഗി ആരംഭിച്ചിട്ടുണ്ട്. ഓരോ ഓര്‍ഡറിനും പത്ത് രൂപ നിരക്കിലാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ സാധ്യത. 2023 ഏപ്രില്‍ മാസം മുതലാണ് ഉപഭോക്താക്കളില്‍ നിന്നും സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയത്.
STORY HIGHLIGHTS:Swiggy’s service now also in Lakshadweep.